ടിറിൻസ്
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് |
മാനദണ്ഡം | i, ii, iii, iv, vi |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്941 941 |
നിർദ്ദേശാങ്കം | 37°35′58″N 22°47′59″E / 37.59944°N 22.79972°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | odysseus |
പുരാതന ഗ്രീസിൽ നിലനിന്നിരുന്ന ഒരു നഗരമാണ് ടിറിൻസ്. കിഴക്കേ പെലപ്പൊണീസസ്സിൽ നൗപ്ലിയ (ഇപ്പോൾ നാവ്പ്ലി യോൺ)യ്ക്കു വടക്കായി ആർഗോസിനടുത്തായിരുന്നു ഇതിന്റെ സ്ഥാനം. ആർഗോസിലെ അക്രിഷിയസ് രാജാവിന്റെ മകൻ പ്രോഷിയസാണ് ഈ നഗരം സ്ഥാപിച്ചതെന്നും ഇവിടത്തെ ഭീമാകാരമായ മതിൽക്കെട്ടുകൾ നിർമ്മിക്കാൻ ഇദ്ദേഹം സൈക്ലോപ്സിന്റെ (ഗ്രീക്ക് ഐതിഹ്യ കഥാപാത്രങ്ങൾ) സഹായം തേടിയിരുന്നു എന്നുമാണ് ഐതിഹ്യം. ഭീമാകാരമായ കല്ലുകൾ അടുക്കിയുള്ള നിർമ്മിതിക്ക് സൈക്ലോപിയൻ നിർമ്മിതി എന്നു പേരും ലഭിച്ചിട്ടുണ്ട്.
ബി. സി. മൂന്നാം സഹസ്രാബ്ദം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായും ഏകദേശം 1600 മുതൽ 1100 ബി. സി. വരെ ഇത് സമ്പൽസമൃദ്ധമായ ഒരു നഗരമായിരുന്നതായും കരുതപ്പെടുന്നു. ഹെന്റി ഷ്ളീമാന്റെ നേതൃത്വത്തിൽ 1884-85-ൽ ഇവിടെ ആദ്യമായി ഉത്ഖനനം നടത്തി. പിന്നീട് വിൽഹെം ഡോർപ് ഫെൽഡും കൂട്ടരും ഇത് തുടരുകയും ചെയ്തു. ഇവിടെ കണ്ടെത്തിയ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങൾക്ക് ബി. സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ക്ലാസിക്കൽ യുഗത്തിന്റെ പാരമ്പര്യമുൾക്കൊള്ളുന്ന വാസ്തുശില്പ സവിശേഷതകളുടെയും അലങ്കാരങ്ങളുടെയും അവശിഷ്ടങ്ങൾ ടിറിൻസിൽ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ഉന്നതി പ്രാപിച്ചിരുന്ന മൈസിനെയ്ക്കും ട്രോയ്ക്കുമൊപ്പം സാംസ്കാരികാഭിവൃദ്ധി ടിറിൻസിനുമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്.
ക്രീറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഈജിയൻ കടലിലെ സമുദ്രവ്യാപാരത്തിൽ ടിറിൻസും ഏർപ്പെട്ടിരുന്നതായും ആർഗോളിസ് ഉൾക്കടലിനോടുള്ള സാമീപ്യംകൊണ്ട് ഈജിപ്റ്റിലേക്കും ക്രീറ്റിലേക്കുമുള്ള നാവികപ്പാതയിൽ മേധാവിത്വം പുലർത്തിയിരുന്നതായും കരുതിപ്പോരുന്നു. ബി. സി. 14-ഉം 13-ഉം നൂറ്റാണ്ടുകളിലാണ് ടിറിൻസിന്റെ സമൃദ്ധി അതിന്റെ പാരമ്യതയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അയൽ പ്രദേശത്തിലെ ആർഗോസിനാൽ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തശേഷം ബി. സി. 468-ൽ ടിറിൻസ് വീണ്ടും ശക്തിപ്രാപിച്ചുവെങ്കിലും പഴയ മേൽക്കോയ്മ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Hellenic Ministry of Culture: Tiryns Archived 2016-08-10 at the Wayback Machine.
- The Mycenaean acropolis in Tiryns
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറിൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |