ടൂളാൻ
ടൂളാൻ Toulon | |
---|---|
Country | France |
Region | Provence-Alpes-Côte d'Azur |
Department | Var |
Arrondissement | ടൂളാൻ |
Intercommunality | Toulon Provence Méditerranée |
• Mayor (2008–2014) | ഹുബെർട്ട് ഫാൽക്കോ |
Area 1 | 42.84 ച.കി.മീ.(16.54 ച മൈ) |
ജനസംഖ്യ (2006)2 | 1,70,041 |
• ജനസാന്ദ്രത | 4,000/ച.കി.മീ.(10,000/ച മൈ) |
Demonym(s) | ടുളോനൈസ് |
സമയമേഖല | UTC+01:00 (CET) |
• Summer (DST) | UTC+02:00 (CEST) |
INSEE/Postal code | 83137 /83000 |
Elevation | 0–589 മീ (0–1,932 അടി) (avg. 1 മീ or 3.3 അടി) |
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
തെക്കുകിഴക്കൻ ഫ്രാൻസിലെ ഒരു നഗരമാണ് ടൂളാൻ. 'വാർ ഡിപ്പാർട്ടുമെന്റ്' (Var department)-ന്റെ തലസ്ഥാനമായ ടൂളാൻ മാഴ്സീൽസിനു (Marseilles) 46 കി.മീ. തെ. കി. മാറി മെഡിറ്ററേനിയൻ തീരത്ത് സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 167619 (1990); നഗരസമൂഹ ജനസംഖ്യ: 437553 (1990).
ഫ്രാൻസിലെ മൂന്ന് നാവികത്താവളങ്ങളിലൊന്നായ ടൂളാൻ ഒരു മുഖ്യ ഉത്പാദന-വാണിജ്യ കേന്ദ്രംകൂടിയാണ്. മത്സ്യബന്ധന കേന്ദ്രമെന്ന നിലയിലും ടൂളാൻ പ്രശസ്തമാണ്. നിരവധി കപ്പൽ നിർമ്മാണ-റിപ്പയറിംഗ് കേന്ദ്രങ്ങൾ ടൂളാനിലുണ്ട്. രാസവസ്തുക്കൾ, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവയാണ് ടൂളാനിലെ മുഖ്യ വ്യാവസായികോത്പന്നങ്ങൾ.
1911-ൽ ടൂളാൻ തുറമുഖത്ത് വച്ച് ലിബർട്ടി എന്ന യുദ്ധക്കപ്പലിൽ ഉണ്ടായ അഗ്നിബാധ ഇവിടെ വൻ നാശനഷ്ടങ്ങൾ വിതച്ചു. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകൾക്കും ഈ അഗ്നിബാധയിൽ നാശനഷ്ടങ്ങൾ ഉണ്ടായി. ഇരുന്നൂറോളം പേർ ഈ അപകടത്തിൽ മരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻ സേനയുടെ കൈയിൽ പെടാതിരിക്കാൻ ഫ്രഞ്ച് നാവികപ്പടയുടെ ഒട്ടനവധി കപ്പലുകൾ ടൂളാൻ തുറമുഖത്ത് മുക്കിത്താഴ്ത്തിയിട്ടുണ്ട്. തുടർന്നുണ്ടായ ബോംബാക്രമണത്തിൽ ടൂളാൻ തുറമുഖം മിക്കവാറും പൂർണമായി നശിപ്പിക്കപ്പെട്ടു. ടൂളാൻ ഹാർബറിന്റെ കിഴക്കൻഭാഗം വാണിജ്യ-നാവികാവശ്യത്തിനും (Merchant shipping) പടിഞ്ഞാറൻ ഭാഗം ഫ്രഞ്ച് നാവികാവശ്യത്തിനും വേണ്ടിയാണുപയോഗിക്കുന്നത്.
ടൂളാൻ നഗരത്തിന്റെ പഴയഭാഗത്തെ തെരുവുകൾ ഇടുങ്ങിയതും വക്രവുമാണ്. പാർശ്വങ്ങളിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച വീതിയേറിയ നിരത്തുകളും കൂറ്റൻ മന്ദിരങ്ങളും ആധുനിക നഗരഭാഗങ്ങളുടെ സവിശേഷതകളാണ്. 11-ാം ശ.-ൽ നിർമിച്ച സെന്റ് മേരി പള്ളി, സെന്റ് ലൂയി പള്ളി, സൈനിക ആശുപത്രി എന്നിവ ഇവിടത്തെ ശ്രദ്ധേയ മന്ദിരങ്ങളാണ്. നഗരത്തിന് പുറത്ത് 17-ാം ശ. മുതൽക്കുള്ള നിരവധി കോട്ടകൾ കാണാം. 6-ാം ശ.-ത്തിൽ തന്നെ ഒരു ഇടവക ആസ്ഥാനമായി ടൂളാൻ മാറിയിരുന്നു. നഗരത്തിനടുത്ത് ലാ ഗാർഡിയിലാണ് (La Garde) ടൂളാൻ സർവകലാശാല സ്ഥിതിചെയ്യുന്നത്.
അനേകം പ്രധാന യുദ്ധങ്ങൾക്ക് ടൂളാൻ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെന്റി നാലാമനും പതിനാലാമനും ടൂളാൻ നഗരത്തിൽ നിരവധി കോട്ടകൾ നിർമ്മിച്ചു. 1707-ലെ സ്പാനിഷ് പിന്തുടർച്ചാ യുദ്ധകാലത്ത് ഇംഗ്ലീഷ്-നെതർലൻഡ്സ് സഖ്യസേനയെ ടൂളാൻ ചെറുത്തുനിന്നു. ഫ്രഞ്ചു വിപ്ലവകാലത്ത്, 1793-ൽ റോയലിസ്റ്റുകൾ ഈ നഗരത്തെ ഇംഗ്ലീഷുകാർക്ക് അടിയറവച്ചു. 1793-ന്റെ അവസാനത്തിൽ ഫ്രഞ്ച് റിപ്പബ്ളിക്കൻ സേന നഗരത്തെ കടന്നാക്രമിച്ച് കീഴടക്കുകയുണ്ടായി. ഈ യുദ്ധത്തിലാണ് ഒരു സൈനിക മേധാവി എന്ന നിലയിലുള്ള നെപ്പോളിയന്റെ അനിതരസാധാരണമായ കഴിവ് തെളിയിക്കപ്പെട്ടത്.
രണ്ടാം ലോകയുദ്ധ കാലത്തുണ്ടായ ബോംബാക്രമണം ടൂളാൻ നഗരത്തിൽ ഏറെ നാശനഷ്ടങ്ങൾ വരുത്തി. 1944-ൽ സഖ്യസേന ഈ നഗരത്തെ മോചിപ്പിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൂളാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |