മാസ്ക്
മുഖം മറയ്‍ക്കുവാനും മറ്റൊരാളാകാനും കാലാകാലങ്ങളായി മനുഷ്യൻ ഉപയോഗിച്ചു വരുന്ന ആവരണമാണ് മാസ്‍ക്കുകൾ.നൂറ്റാണ്ടുകളായി പല ലക്ഷ്യത്തോടെയും മനുഷ്യൻ മാസ്‍ക്കുകൾ ഉപയോഗിച്ചുവരുന്നു.അണുക്കളെ പ്രതിരോധിക്കുവാനും മതപരമായ ആചാരാനുഷ്‍ടാനങ്ങൾക്കും വിനോദത്തിനും ആഘോഷങ്ങൾക്കും പ്രകടനങ്ങൾക്കുമെല്ലാം മനുുഷ്യൻ പലകാലങ്ങളിൽ മാസ്‍കുകൾ ധരിച്ചു പോന്നു.വേട്ടയ്‍ക്കുപോകുമ്പോഴും യുദ്ധം ചെയ്യുമ്പോഴും സുരക്ഷയ്‍ക്കായി ആദിമ മനുഷ്യൻ മുഖംമൂടികളണിഞ്ഞു.വെറും മനുഷ്യനെ അവ ദൈവമായും ഉഗ്ര ശക്തിയുള്ള ആത്മാവായും വന്യമൃഗമായും മാറ്റി.മറ്റൊന്നിന്റെ പ്രതീകമായ മാസ്‍കുകൾ ലോകമെങ്ങുമുള്ള സംസ്‍കാരങ്ങളുടെ ഭാഗമായി.
പേരിനുപിന്നിൽ
[തിരുത്തുക]'ഭൂതം','ദു:സ്വപ്‍നം' എന്നൊക്കെ അർത്ഥമുള്ള മധ്യകാല ലാറ്റിൻ വാക്കായ 'മസ്‍കയിൽ'(Masca)നിന്നാണ് മാസ്‍ക് എന്ന വാക്കുണ്ടാകുന്നത്.മധ്യകാല ഫ്രഞ്ച് വാക്കായ 'Masque' ൽ നിന്ന് 1530-കളിൽ ഇംഗ്ലീഷിലെ Maskരൂപം കൊണ്ടു.ഫ്രഞ്ചിൽ ഇതെത്തിയത് ഇറ്റാലിയയിലെ 'Maschera' യിൽ നിന്നോ ലാറ്റിനിലെ 'Masca' യിൽ നിന്നോ അണെന്നു കരുതുന്നു.'കോമാളി' എന്ന് അർത്ഥമുള്ള അറബിയിലെ മസ്‍കാര (Maskara) എന്ന വാക്കിൽനിന്നാണ് മാസ്‍കിന്റെ ഉത്ഭവമെന്നും പറയപ്പെടുന്നു.
ഉത്ഭവം
[തിരുത്തുക]ചരിത്രാതീതകാലം മുതലേ മനുഷ്യൻ മാസ്‍കുകൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.എങ്കിലും എന്നാണ് നാം ആദ്യമായി അ
തുപയോഗിച്ചത് എന്നു കൃത്യമായി പറയാനാകില്ല.ശിലായുഗം മുതൽക്കേ മനുഷ്യൻ മാസ്‍കുകൾ ഉപയോഗിച്ചിരുന്നു എന്ന് പുരാതന ഗുഹാചിത്രങ്ങളും പാറകളിലുമൊക്കെ കണ്ടെത്തിയ മാസ്‍കുകളുടെ വർണനകൾ തെളിയിക്കുന്നു.ഇന്നുവരെ കണ്ടെടുത്തതിൽവച്ച് ഏറ്റവും പഴയ മാസ്ക് പ്രീ-പോട്ടറി നിയോലിത്തിക് കാലഘട്ടതിലേതാണ്( Pre-Pottery Neolithic Period;ഏതാണ്ട് 12,000 മുതൽ 8,500 വർഷം വരെ പഴക്കമുള്ള കാലഘട്ടം).7,000 ബി.സിയിൽ ഉപയോഗിച്ചിരുന്നതായി കരുതുന്ന,കല്ലുകൊണ്ടുണ്ടാക്കിയ ഈ മാസ്‍ക് പാരിസിലെ 'ബിബ്ലിക്കൽ മ്യൂസിയ'ത്തിൽ സൂക്ഷിച്ചിട്ടുണ്ട്.വേട്ടയാടി നടന്ന മനുഷ്യൻ മൃഗങ്ങളുടെ തലയാേട്ടികൾ മാസ്‍കുകളായി അണിഞ്ഞിരുന്നു.പൂർവീകരുടെ തലയോട്ടികൾ ചിലർ സൂക്ഷിച്ചു.കൃഷിചെയ്‍ത് ഒരിടത്ത് സ്ഥിരവാസമുറപ്പിച്ചതോടെ ദെെവങ്ങളും വിശ്വാസങ്ങളുമൊക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി.തുടർന്ന് മതപരമായ ചടങ്ങുകൾക്കും ആചാരങ്ങൾക്കും മാസ്‍കുകൾ ഉപയാഗിച്ചുതുടങ്ങി.ഗാേത്രങ്ങളായി ജീവിച്ചുതുടങ്ങിയതുമുതൽ ദുഷ്‍ടാത്‍മാക്കളിൽ നിന്നും രക്ഷനേടുക,പൂർവീകരുമായി സംസാരിക്കുക,മൃഗങ്ങളുടെയും ദൈവങ്ങളുടെയും പ്രതിരൂപങ്ങളായി മാറുക തുടങ്ങി നിരവധി കാര്യങ്ങൾക്ക് മനുഷ്യൻ മാസ്‍കുകളുപയോഗിച്ചു.ജനനം,മരണം,വിവാഹം തുടങ്ങിയ ചടങ്ങുകൾക്കും ആത്മാക്കളുമായി ബന്ധപ്പെട്ട ഗോത്രനൃത്തങ്ങൾക്കും പല ആദിമ മനുഷ്യരും മാസ്‍ക് അണിഞ്ഞിരുന്നു.രോഗങ്ങളുണ്ടാക്കുന്നത് ഭൂതപ്രേതങ്ങളാണെന്നു വിശ്വസിച്ച പ്രാകൃതസമൂഹങ്ങൾ അവയെ ഭേദമാക്കുന്നതിനായി മാസ്‍ക് അണിഞ്ഞുകൊണ്ട് ചില ചടങ്ങുകൾ നടത്തി.വിളവെടുപ്പുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും മാസ്‍ക് വ്യാപകമായി ഉപയോഗിച്ചുപോന്നു.